top of page
എഫെസ്യ ലേഖന പരമ്പര -10
P M Mathew
NOV 23, 2014

Pray to experience the power and love of God
ദൈവത്തിന്റെ ശക്തിയും സ്നേഹവും അനുഭവിച്ചറിയേണ്ടതിനായി പ്രാർത്ഥിക്കുക

Ephesians 3:14-21
Image-empty-state.png

വിശ്വാസികൾക്ക് ലഭ്യമായിരിക്കുന്ന പരിശുദ്ധാത്മ ശക്തിയെക്കുറിച്ചു വിശ്വാസികൾ ബോധവാന്മാരേകേണ്ടതിനും ക്രിസ്തുവിനു അവരോടുള്ള സ്നേഹം അവർ നന്നായി മനസ്സിലാക്കേണ്ടതിനും പൗലോസ് വിശ്വാസികളെ ഓർത്തു പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ ശക്തിയും സ്നേഹവും നമുക്കു കണ്ടു പിടിക്കുവാൻ കഴിയാത്ത മേഖലയിൽ പ്രവർത്തിക്കുന്ന കേവലം ഒരു ശക്തിയല്ല. നമ്മുടെ ദൈവം വ്യക്തിപരമായി നമ്മോടു ഇടപെടുന്ന ദൈവമാണ്; അതിനായി നമ്മേ തന്നോടു അടുപ്പിച്ച ദൈവമാണ്. ദൈവം തന്റെ ആത്മാവിനെ നമ്മുടെമേൽ പകർന്നു തന്ന ദൈവവും തന്റെ ശക്തി നമുക്കു നൽകയും തന്റെ സ്നേഹം നമ്മോടു കാണിക്കയും ചെയ്ത ദൈവമാണ്. ദൈവത്തിന്റെ ആത്മാവ് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനോട് കൂടെ ഇരുന്നവനും, അവൻ ഇപ്പോൾ എല്ലാ വിശ്വാസികളുടെയും ജീവിതത്തിൽ അധിവസിക്കുകയും വിശ്വാസികളുടെ ശത്രുക്കളായ പാപത്തിന്റെ ശക്തിയേയും തിന്മയുടെ ശക്തികളേയും വാഴാൻ ശ്രമിക്കുകയും ചെയ്യുന്നു. ആ സാദ്ധ്യത നാം പ്രയോജനപ്പെടുത്തി ക്രിസ്തീയ ജീവിതത്തിൽ നാം വിജയിക്കണം.

എഫെസ്യ ലേഖന പരമ്പര -09
P M Mathew
SEP 28, 2014

Display God’s manifold wisdom
ദൈവത്തിന്റെ ബഹുവിധമായിട്ടുള്ള ജ്ഞാനം പ്രദർശിപ്പിക്കുക

Ephesians 3:8-13
Image-empty-state.png

ബുദ്ധിമാനായ ഒരു ചിത്രകാരൻ പ്രപഞ്ചമെന്ന വലിയ കാൻവാസിൽ, സാധാരണക്കാരും, ബലഹീനരും, കഴിവു കുറഞ്ഞവരുമായ അനേകം ആളുകളെ, തന്റെ ബ്രഷ് എന്ന നിലയിൽ ഉപയോഗിച്ചുകൊണ്ട് പലനിറത്തിലും ഭാവത്തിലും ഛായയിലും ഉള്ള ഒരു ചിത്രം വരച്ചുകൊണ്ടിരിക്കുന്നു. ചിത്രകാരൻ പതിനായിരക്കണക്കിന് അല്ലെങ്കിൽ ലക്ഷക്കണക്കിന് നിറങ്ങളും ചായങ്ങളും വർണ്ണങ്ങളും ഉപയോഗിച്ചുകൊണ്ടാണ് ഈ പെയിൻറിംഗ് നടത്തിക്കൊണ്ടിരിക്കുന്നത്. ചിത്രം വളരെ വലുതും സൃഷ്ടിയുടെ ആരംഭം മുതൽ നിത്യത വരെ തുടരുന്നതുമായ ചിത്രമാണ്. ഈ ചിത്രത്തെ നമുക്ക് His-story എന്നൊ History എന്നോ വിളിക്കാം. രക്ഷക്കായുള്ള ഒരുക്കം, രക്ഷ, യേശുക്രിസ്തുവിന്റെ സഭയുടെ രൂപീകരണം, അതിന്റെ മുന്നോട്ടുള്ള പ്രയാണം എന്നിവയാണ് ഈ ചിത്രത്തിലെ വിഷയം.

എഫെസ്യ ലേഖന പരമ്പര -08
P M Mathew
AUG 24, 2014

The stewardship of the gospel
സുവിശേഷത്തിന്റെ കാര്യവിചാരകത്വം

Ephesians 3:1-7
Image-empty-state.png

ലോകമെമ്പാടും സുവിശേഷപ്രചാരണത്തിനായി തന്റെ ജീവിതം നീക്കിവച്ച മഹത്തായ രഹസ്യം പൗലോസ് ഇവിടെ വിശദമായി വിവരിക്കാൻ തുടങ്ങുന്നു. രഹസ്യങ്ങളെ നാം സ്നേഹിക്കുന്നു. അപ്പൊസ്തലനായ പൗലോസിനും അങ്ങനെയൊരു രഹസ്യത്തെക്കുറിച്ചു അറിവാൻ ഇടയായി. ആ രഹസ്യമെന്താണെന്നും അതു മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ താൻ കാണിച്ച ഉത്സാഹത്തെക്കുറിച്ചുമാണ് ഈ വേദഭാഗത്ത് നാം ചിന്തിക്കുവാൻ ആഗ്രഹിക്കുന്നത്. പൗലോസിനു ഈ രഹസ്യം വെളിപ്പെട്ടുകിട്ടിയത് സർവ്വജ്ഞാനിയായ ദൈവത്തിൽ നിന്നുമാണ്. ഈ രഹസ്യമെന്നത്, ദൈവത്തിന്റെ നിത്യമായ പദ്ധതിയെക്കുറിച്ചും ആ പദ്ധതിയുടെ ഒരു നിശ്ചിതഘട്ടത്തെക്കുറിച്ചുമാണ്. ദൈവം ക്രിസ്തുവേശുവിൽ തനിക്കായി ഒരു ജനത്തെ, യെഹൂദന്മാരിൽ നിന്നും ജാതികളിൽ നിന്നുമായി തെരഞ്ഞെടുത്ത് ഒരു പുതിയ ജനസമൂഹമാക്കി ദൈവത്തിന്റെ സ്വഭാവത്തെ മറ്റുള്ളവരുടെ മുൻപിൽ പ്രതിഫലിപ്പിക്കുവാൻ തയ്യാറായിരിക്കുന്നു. ഈ സമൂഹത്തിനു ഏതു സമയത്തും ദൈവസന്നിധിയിൽ കടന്നു ചെല്ലുവാനും തങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഹിതം ആരായുവാനും അനുവാദമുണ്ട്. ഇതിനെ പൗലോസ് ഒരു രഹസ്യം അഥവാ മർമ്മം എന്നാണ് വിളിച്ചിരിക്കുന്നത്. ഈ രഹസ്യം ദൈവത്തിന്റെ അപ്രമേയമായ ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നതും മാനുഷികവും അമാനുഷികവുമായ തിന്മയെ പരാജയപ്പെടുത്തുന്നതുമായ രഹസ്യമാണ്. ദൈവത്തിന്റെ ഈ രഹസ്യം മറ്റുള്ളവരെ അറിയിക്കുവാൻ ദൈവം തന്നേയും അതുപോലെ ഈ സമൂഹത്തേയും നിയോഗിച്ചിരിക്കുന്നു.

എഫെസ്യ ലേഖന പരമ്പര -07
P M Mathew
JUL 27, 2014

The new humanity that God created through the gospel
സുവിശേഷത്തിലൂടെ ദൈവം സൃഷ്ടിച്ച പുതിയ മാനവീകത

Ephesians 2:11-22
Image-empty-state.png

മനുഷ്യ വർഗ്ഗത്തിന്റെ സാർവ്വത്രികമായ പാപാവസ്ഥയെക്കുറിച്ചും അതിന്റെ ഫലമായുള്ള ദൈവ കോപത്തെക്കുറിച്ചുമാണ് (1-10) വാക്യങ്ങളിൽ നാം പഠിച്ചത്. ദൈവകോപത്തിന്റ പരിണതഫലം എന്നതോ നിത്യത മുഴുവൻ ദൈവത്തിൽ നിന്ന് അകന്ന് നിത്യനരകത്തിൽ കഴിഞ്ഞുകൂടുക എന്നതാണ്. എന്നാൽ ദൈവം തന്റെ മഹാകരുണയിൽ തന്റെ പുത്രനെ കാല്വരിയിൽ മരിക്കുവാൻ അനുവദിച്ചുകൊണ്ട് ഈ പ്രശ്നത്തിനു പരിഹാരം വരുത്തി. അതിനുമുൻപ് ദൈവത്തിന്റെ തെരഞ്ഞടുക്കപ്പെട്ട ജനമായ യിസ്രായേലും ദൈവമില്ലാതിരുന്ന ജാതികളും പരസ്പരം ഭിന്നതയിലും ശ്ത്രുതയിലും കഴിഞ്ഞവരായിരുന്നു. എന്നാൽ സുവിശേഷത്തിലൂടെ ഇരുവിഭാഗങ്ങളേയും യേശുക്രിസ്തുവിൽ ഒന്നാക്കു ഒരു പുതിയ സമൂഹത്തെ താൻ സൃഷ്ടിച്ചു. ആ പുതിയ സമൂഹത്തിനു ദൈവത്തിന്റെ അടുക്കൽ തുല്യമായ പ്രവേശനത്തിനും ക്രിസ്തുവിൽ സകല ആത്മീയ അനുഗ്രഹത്തിനും പാത്രീഭൂതരാക്കി യിരിക്കുന്നു. അതിനെക്കുറിച്ചു പ്രതിപാദിക്കുന്ന എഫെസ്യലേഖനം അതിന്റെ രണ്ടാം അദ്ധ്യായം 11-22 വരെയുള്ള വാക്യങ്ങളാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. അതിലേക്കു നിങ്ങളെ എവരേയും ഞാൻ സ്വാഗതം ചെയ്യുന്നു.

എഫെസ്യ ലേഖന പരമ്പര -06
P M Mathew
JUN 22, 2014

The Need For Salvation
രക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത

Ephesians 2:1-10
Image-empty-state.png

ദൈവത്തെക്കുറിച്ച് എഴുതപ്പെട്ട പ്രസിദ്ധ ഗ്രന്ഥങ്ങളിൽ ഒന്നായ ജോൺ കാൽവിന്റെ ഇൻസ്റ്റിറ്റ്യൂട്സ് എന്ന പുസ്തകം ആരംഭിക്കുന്നത് ഇപ്രകാരമാണ്: “Nearly all the wisdom we possess, that is to say, true and sound wisdom, consists of two parts; the knowledge of God and ourselves.” നാം സ്വായത്തമാക്കിയിരിക്കുന്ന സകല ജ്ഞാനവും, അതായത് സത്യവും ശുദ്ധവുമായ ജ്ഞാനം- രണ്ടു ഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ്. ആ ഭാഗങ്ങൾ ദൈവത്തെ കുറിച്ചുള്ള അറിവും മനുഷ്യനെ കുറിച്ചുള്ള അറിവും ആണ്. ഈ കാലഘട്ടത്തിൽ നമ്മെ ഓർമ്മിപ്പിക്കേണ്ടുന്ന ഒരു വസ്തുതയെന്തെന്നാൽ, ദൈവത്തെകുറിച്ചുള്ള അറിവ് ഉൾക്കൊള്ളുവാനും അധീനമാക്കുവാനും കഴിയാത്തതു പോലെതന്നെ മനുഷ്യനെകുറിച്ചുള്ള അറിവും മനസ്സിലാക്കുവാനും അധീനമാക്കുവാനും വളരെ പ്രയാസമുള്ള സംഗതിയാണ്. ഇത് കൂടുതൽ ബുദ്ധിമുട്ടായി ഇരിക്കുവാനുള്ള കാരണം നമ്മെക്കുറിച്ചുള്ള ശരിയായ അറിവ്, ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവ് കൂടാതെ സാദ്ധ്യമാവുകയില്ല എന്നതിനാലാണ്. രണ്ടാമതായി, നമ്മെക്കുറിച്ച് ശരിയായി നാമറിയുന്നു എന്ന ചിന്തയും നമ്മെ മനസ്സിലാക്കു വാൻ തടസ്സമായി നിൽക്കുന്നു. വാസ്തവത്തിൽ, നമ്മുടെ അവസ്ഥയുടെ ശരിയായ ആഴം ഗ്രഹിക്കുന്നതിന് ദൈവത്തിന്റെ സഹായം കൂടാതെ നമുക്ക് കഴിയുകയില്ല.

യിരമ്യാ പ്രവചനം 17:9 ൽ പ്രവാചകൻ പറയുന്നു: “ഹൃദയം എല്ലാത്തിനേക്കാളും കപടവും വിഷമവും ഉള്ളത്; അത് ആരാഞ്ഞറിയുന്നവർ ആർ?” വീണ്ടും സങ്കീർത്തനം 19:12 സങ്കീർത്തനക്കാരൻ ആയ ദാവീദു പറയുന്നതു : “തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിപ്പിക്കേണമേ.” നാം നമ്മുടെ പാപത്തിന്റെ അടിത്തട്ടുവരെ എത്തുന്നില്ല. നമ്മുടെ പാപത്തിന്റെ പൂർണ്ണ അവസ്ഥയെക്കുറിച്ച് നാം മനസ്സിലാക്കിയതിന്റെ വെളിച്ചത്തിലായിരുന്നു നമ്മുടെ പാപക്ഷമയെങ്കിൽ നാം എല്ലാം നശിച്ചുപോകുമായിരുന്നു. ആരും തന്നെ തങ്ങളുടെ പാപത്തിന്റെ വ്യാപ്തിയെക്കുറിച്ച് അറിയുന്നില്ല നാം അറിയുന്നതിനേക്കാൾ അതിന്റെ ആഴം വലുതാണ്. ഉദാഹരണമായി, സമുദ്രത്തിൽ ചിലയിടങ്ങളിൽ വളരെ ആഗാഥമായ കയങ്ങൾ ഉണ്ട്. അതിലേക്ക് ഹിമാലയപർവ്വതം ഇറക്കിവെച്ചാൽപോലും അതിന്റെ അഗ്രം ജലനിരപ്പിന്നടുത്തെങ്കിലും കാണപ്പെടുകയില്ല. അതുപോലെതന്നെയാണ് നമ്മുടെ പാപത്തിന്റെ ആഴവും.

എഫെസ്യ ലേഖന പരമ്പര -05
P M Mathew
MAY 25, 2014

Know the immeasurable magnitude of God's power at work for us
നമുക്കു വേണ്ടി വ്യാപരിക്കുന്ന ദൈവശക്തിയുടെ അളവറ്റ വലിപ്പം അറിയുക

Ephesians 1:15-23
Image-empty-state.png

ക്രിസ്തീയജീവിതം മാനുഷികമായി ചിന്തിച്ചാൽ വളരെ അസാദ്ധ്യമായ കാര്യമാണ്. ക്രിസ്തീയജീവതം വിജയകരമായി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ നമുക്കു ദൈവത്തിന്റെ ശക്തികൂടിയെ തീരു. ആ ശക്തി നമുക്കു നൽകാൻ ദൈവം സന്നദ്ധനാണ്. നാം ആ ശക്തി അനുഭവിച്ചറിയണമെന്നും ദൈവം ആഗ്രഹിക്കുന്നു. ദൈവം വിശ്വാസികൾക്കുവേണ്ടി ലഭ്യമാക്കിയിരിക്കുന്ന ശക്തിയുടെ അളവറ്റ വലിപ്പത്തെക്കുറിച്ചു അറിയണമെന്ന് അപ്പൊസ്തലനായ പൗലോസ് പ്രാർത്ഥിക്കുന്ന വേദഭാഗമാണ് ഇന്നത്തെ ചിന്തക്കു വിഷയമാക്കാൻ ഞാൻ ആഗ്രഹിക്കുന്നത്.

എഫെസ്യ ലേഖന പരമ്പര -04
P M Mathew
APR 27, 2014

Praise God for His Sealing with Holy Spirit
പരിശുദ്ധാന്മാവിനാലുള്ള മുദ്രക്കായി ദൈവത്തെ സ്തുതിക്കുക

Ephesians 1:11-14
Image-empty-state.png

ഒരോ വിശ്വാസിയെ സംബന്ധിച്ചും ദൈവത്തിന്റെ ഏറ്റവും വലിയ ആഗ്രഹം, കർത്താവിന്റെ സ്നേഹത്തിലും ശക്തിയിലും തങ്ങൾ സുരക്ഷിതരാണ് എന്ന ബോദ്ധ്യം തങ്ങൾക്കുണ്ടാകണം എന്നതാണ്. ആ സുരക്ഷിതത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം അവർ തങ്ങളുടെ ജീവിതത്തെ അഭിമുഖീകരിക്കേണ്ടത്.

എഫെസ്യ ലേഖന പരമ്പര-03
P M Mathew
MAR 23, 2014

Praise God for His redemptive plan
ദൈവത്തിന്റെ വീണ്ടെടുപ്പ് പദ്ധതിയെ ഓർത്ത് ദൈവത്തെ സ്തുതിക്കുക

Ephesians 1:7-10
Image-empty-state.png

വില്യം റാൻഡോൾഫിന്റെ മകളെ ഒരിക്കൽ ഭീകരർ തട്ടിക്കൊണ്ടുപോയി. എന്നിട്ട് മോചനദ്രവ്യമായി (ransome) 400 മില്യൺ ഡോളർ ആവശ്യപ്പെട്ടു. അത്രയും പണം സ്വരൂപിക്കാൻ തനിക്ക് സാധിച്ചില്ല. എന്നാൽ തന്റെ മകൾക്ക് 400 ബില്യൺ ഡോളറിന്റെ മൂല്യം ഇല്ല എന്ന് താൻ ഒരിക്കലും പറഞ്ഞില്ല. നമ്മുടെ ജീവന് 400 മില്യൻ ഡോളർ വിലയുണ്ട് എന്ന് കരുതുക. നമുക്ക് താങ്ങാൻ കഴിയുന്നതാണോ ഇത്? വാസ്തവത്തിൽ നമ്മുടെ ആത്മാവിന്റെ വില അതിനേക്കാൾ എത്രയോ വലുതാണ്. ലോകത്തിലെ ഏറ്റവും വലിയ ധനികനായ ബിൽഗേറ്റ്സിനു പോലും തന്റെ ആത്മാവിന്റെ വീണ്ടെടുപ്പു വില കൊടുക്കുവാൻ കഴിയുകയില്ല. പരിമിതികളുള്ള ഒരു മനുഷ്യനെ വീണ്ടെടുക്കുവാൻ പരിമിതികളില്ലാത്ത ഒരു യാഗം ആവശ്യമാണ്. പാപമില്ലാത്ത ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ രക്തത്തിന് മാത്രമേ മോചനദ്രവ്യത്തിന്റെ ആവശ്യകത നിവർത്തിക്കാൻ കഴിഞ്ഞുള്ളു. ദൈവത്തിന്റെ നിത്യമായ സ്നേഹത്തിന് മാത്രമേ ആ വില കൊടുക്കുവാനുള്ള പ്രേരണ നൽകുവാൻ കഴിഞ്ഞുള്ളു. നമ്മുടെ വീണ്ടെടുപ്പ് എത്രയൊ ശ്രേഷ്ടവും വിലയേറിയതുമാണ് എന്ന് ഓർത്ത് ദൈവത്തെ സ്തുതിക്കുവാൻ നാം എത്ര കടപ്പെട്ടിരിക്കുന്നു. ഈയൊരു വീണ്ടെടുപ്പിന്റെ (redemption) പ്രയോജനം ഇതുവരെ പ്രാപിക്കാത്തവർ ദൈവം വെച്ചു നീട്ടുന്ന ഈ ദാനം സ്വീകരിക്കുവാൻ മനസ്സാകുമോ…

എഫെസ്യ ലേഖന പരമ്പര-02
P M Mathew
FEB 23, 2014

Praise God For Our Election And Predestination
നമ്മുടെ തെരഞ്ഞെടുപ്പിനേയും മുന്നിയമനത്തേയും ഓർത്ത് ദൈവത്തെ സ്തുതിക്കുക

Ephesians 1:3-6
Image-empty-state.png

ദൈവം ഒരു ജനത്തെ തനിക്കായി തെരഞ്ഞെടുത്തതിന്റേയും മുന്നിയമിച്ചതിന്റേയും ആത്യന്തികലക്ഷ്യം തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചക്കുവേണ്ടിയാണ്.(The ultimate goal of God's choosing and foreordaining a people for Himself is for the glory of His grace). അതല്ലെങ്കിൽ ദൈവത്തെ ആരാധിക്കുന്നതിനും ദൈവത്തിന്റെ സ്നേഹത്താൽ ജീവിതങ്ങൾ രൂപാന്തരപ്പെട്ട് അവന്റെ കൃപയുടെ പ്രദർശനങ്ങൾ ആയിത്തീരുന്നതിനും വേണ്ടിയാണ്. എന്നാൽ ദൈവത്തിന്റെ ഈ തെരഞ്ഞെടുപ്പ് മനുഷ്യന്റെ എന്തെങ്കിലും മേന്മയുടേയൊ, യോഗ്യതയുടേയൊ അടിസ്ഥാനത്തിലല്ല. മറിച്ചു, ക്രിസ്തുവിൽ ദൈവം തെരഞ്ഞെടുക്കുക യാണ് ചെയ്തത്. മാത്രവുമല്ല, ലോകസ്ഥാപനത്തിനു മുന്നമെ ഈ തെരഞ്ഞെടുപ്പും മുന്നിയമനവും നടന്നു (moreover, this election and predestination took place before the founding of the world). ദൈവം ഈ നിലയിൽ ഒരു ജനത്തെ തെരഞ്ഞെടുത്തത് (chosen) തന്റെ അവകാശമായി (inheritance) എന്നേക്കും ഇരിപ്പാൻ വേണ്ടിയാണ്. അപ്പൊസ്തലനായ പൗലോസ് ഈ അതിശയകരമായ കാര്യങ്ങളെ കുറിച്ചു പറയുമ്പോൾ തന്റെ ഹൃദയം നന്ദി കൊണ്ട് നിറയുകയും അതുതന്നെ ആരാധനയിലേക്കു (worship) നയിക്കുകയും ചെയ്യുന്നു. ദൈവം കാണിച്ച അവിശ്വസനീയമായ കൃപയുടേയും സ്നേഹത്തിന്റേയും പേരിൽ പൗലോസ് തന്റെ വായനക്കാരെയും ദൈവത്തെ സ്തുതിക്കുന്നതിലേക്കും ദൈവത്തിന്റെ മഹത്വത്തെ ഉയർത്തുന്നതിലേക്കും നയിക്കുന്ന സ്തുതി ഗീതമാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. എഫേസ്യലേഖനത്തിന്റെ ഒന്നാം അദ്ധ്യായം 3-14 വരെയുള്ള വാക്യങ്ങളാണിത്. ദൈവത്തെ സ്തുതിച്ചു കൊണ്ട് ആരംഭിക്കുന്ന ഈ വേദഭാഗം അവസാനിക്കുന്നതും ദൈവത്തെ സ്തുതിച്ചു കൊണ്ടാണ്. അതിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുന്നു.

എഫെസ്യ ലേഖന പരമ്പര-01
P M Mathew
JAN 14, 2014

The Book of Ephesians
എഫെസ്യലേഖനം

Ephesians 1:1-2
Image-empty-state.png

പ്രസിദ്ധ ബൈബിൾ എക്സ് പോസിറ്ററി പ്രീച്ചറും ലണ്ടൻ സിറ്റിയുടെ കേന്ദ്ര ഭാഗത്ത് സ്ഥിതി ചെയ്തിരുന്നു കർത്താവിന്റെ സഭയിലെ മുൻ പാസ്റ്ററും പശ്ചിമ ലോകത്തെ പ്രമുഖ ബൈബിൾ അദ്ധ്യാപകനുമായ ജോൺ സ്റ്റോട്ട് എഫെസ്യ ലേഖനത്തെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇപ്ര കാരമാണ്: "The epistle to the Ephesians is a marvelously concise yet comprehensive summary of Christian good news and its implications. No body can read it without being moved to wonder and worship and challenged to the consistency of life." “ക്രിസ്തീയ സദ്‌വാർത്തയേയും അതിന്റെ ഫലത്തേയും കുറിച്ച് അത്ഭുതകരമാംവിധം സംക്ഷിപ്തവും എന്നാൽ ഏറ്റവും സമഗ്രവുമായി പ്രതിപാദിച്ചിരിക്കുന്ന ഒരു ഗ്രന്ഥമാണ് എഫെസ്യ ലേഖനം അത് വായിക്കുന്ന ആരേയും അതിശയിപ്പിക്കുകയും ആരാധനയിലേക്ക് നയിക്കുകയും ചെയ്യുന്നു എന്ന് മാത്രമല്ല അചഞ്ചലമായ ജീവിതത്തിനായി അത് അവനെ വെല്ലുവിളിക്കുകയും ചെയ്യുന്നു.” ജോൺ കാൽവിൻ ഈ ലേഖനത്തെ വിശേഷിപ്പിച്ചിരിക്കുന്നത് 'It is the crown of St. Paul’s writings' പൗലോസിന്റെ എഴുത്തുകളിലെ കിരീടം ആയിരിക്കുന്നുവെന്നാണ്. കൂടാതെ വില്യം ബാർക്ലെ ഈ പുസ്തക ത്തെ It is the queen of the epistles ലേഖനങ്ങളിലെ രാജ്ഞി എന്നാണ് വിളിച്ചിരിക്കുന്നത്. ആകയാൽ എഴുത്തുകാരുടെ ഇടയിൽ വളരെ പ്രസിദ്ധമായ ഒരു ലേഖനത്തിലേക്ക് ആണ് നാം നമ്മുടെ ശ്രദ്ധയെ തിരിക്കുവാനായി പോകുന്നത്.

© 2020 by P M Mathew, Cochin

bottom of page